Tuesday, November 23, 2010

മുറിവുകള്‍..

 വാരത്തിലേക്ക് നടക്കുമ്പോള്‍ വലത്തേ കാലിനു നല്ല വേദനയുണ്ടായിരുന്നു. വൈകിട്ട് പുല്ലു ചെത്തുമ്പോള്‍ അരിവാള്‍ കൊണ്ടതാണ്, ഉപ്പൂറ്റിക്ക്‌ മുകളില്‍ വച്ച് അല്പം തൊലിയും ചീന്തിക്കൊണ്ട് അത് പാളി പോകുമ്പോള്‍ ഇത്ര വേദന ഉണ്ടായിരുന്നില്ല.ചോര വന്നിരുന്നു,തെക്കേലെ ശാരദേത്തിയുടെ  വീട്ടില്‍ നിന്നും തിരശീല തുണി വാങ്ങി കെട്ടി.എന്തായാലും ചോര നിന്നു.പിന്നെന്താണാവോ ഇപ്പോള്‍ വേദന  വരാന്‍ ..!
ഞാന്‍ മുറിപ്പാടിന് ചുറ്റം തൊട്ടു നോക്കി.ചെറിയ നീരുണ്ട്. ടി .ടി  എടുക്കേണ്ടി വന്നേക്കും...
      അറ വാതിലിനു മുകളിലിരുന്ന പച്ചമരുന്നിട്ട് കാച്ചിയ എണ്ണ എടുത്തു മുറിവില്‍ പുരട്ടിയിരുന്നു.
പഴയ നാട്ടു വൈദ്യം ആണ്, പണ്ട് അച്ഛന്‍ പഠിപ്പിച്ചത്.
വാരത്തിലേക്ക് കയറുമ്പോള്‍ തന്നെ കട്ടിലിലേക്ക് വീഴാനുള്ള ക്ഷീണം ഉണ്ടായിരുന്നു  .
ഗതകാല പ്രതാപത്തിന്റെ ഏക രേഖയായ തറവാട് നിലം പൊത്താറായ നിലയിലാണ്.
ആകെയുള്ളത് മൂന്നാല് ആടുമാടുകളും രണ്ടു കറവ പശുക്കളും മാത്രമാണ്.ഇവറ്റകളെ മേയ്ക്കാന്‍ പെടുന്ന പാട് കുട്ടികളെ വളര്‍ത്തുന്ന അച്ഛനമ്മമാര്‍ക്ക് പോലും കാണില്ല .
കട്ടിലിലേക്ക് ഇരിക്കുമ്പോള്‍ നഷടബോധം  തോന്നി.
      പെണ്ണും പെടക്കോഴിയുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ താങ്ങായേനെ..
അമ്മ വിവാഹ കാര്യം പറയുമ്പോള്‍ ഒക്കെ ഓരോ മുട്ടാപ്പോക്ക് ന്യായം  പറഞ്ഞു ഒഴിഞ്ഞു മാറുമായിരുന്നു.ഇതിപ്പോ അറുപത്തിനാലാം വയസ്സില്‍ ...ഒറ്റാംതടി മുച്ചാം വയറ്‌...

"ശേഖരേട്ടാ.. ദേ അമ്മിണിയെടത്തി വിളിക്കുന്നു.."
ഉമ്മറതുനിന്നാണന്നു തോന്നുന്നു,അക്കുവിന്റെ ശബ്ദം .
അക്കു  പെങ്ങട മകനാണ്,കോളേജില്‍ പഠിക്കുന്നു. 
എനിക്ക് ഒരു കൈ സഹായത്തിനു വരുന്നതാണ്..
ഞാന്‍ പെട്ടെന്ന് കട്ടിലിലേക്ക് അമര്‍ന്നു കിടന്നു.
എനിക്കറിയാം ആ വരവ് എന്തിനാണന്ന്  .
അമ്മിണി അയല്‍വക്കകാരാണ്, ഭര്‍ത്താവ് മരിച്ച അവരുടെ പ്രതീക്ഷകള്‍ അത്രയും ഏക മകനിലാണ്.
മകനാണങ്കില്‍ മാനസിക രോഗിയുമാണ്. ഗുളിക കഴിക്കാത്ത ദിവസങ്ങളില്‍ വയലന്റ് ആകും.സ്കൂളില്‍ പഠിക്കുന്ന പ്രായത്തില്‍ എന്തോ കണ്ടു  പേടിച്ചതാണ്.
ഇപ്പോള്‍ പത്തു മുപ്പതു വയസ്സായി കാണും,ഒരു മാറ്റവുമില്ല.
കൂലിപ്പണി എടുത്തു കിട്ടുന്ന പണം മുഴുവനും അവന്റെ ചികിത്സയ്കായിട്ടുപോകും.
വീര്യം  കൂടിയ ഇഗ്ലീഷ് മരുന്നുകളുടെ വര്‍ഷങ്ങളായുള്ള ഉപയോഗം കൊണ്ട് അവന്റെ ശരീരം തടിച്ചു ചീര്‍ത്തു. 
ഒരിക്കല്‍ അച്ഛന്‍ ചോദിച്ചു,
"അമ്മിണീ...നീ അവനെ കൃത്യ സമയത്ത് വിളിച്ചു എഴുന്നേല്‍പ്പിച്ചു മരുന്ന് കൊടുക്കാതെ അവനോടു  തന്നെ കഴിച്ചോളാന്‍  പറഞ്ഞു ഗുളികയും ഏല്‍പ്പിച്ചു പണിക്കു നടന്നാല്‍ അവന്റെ അസുഖം എങ്ങനെ മാറും..?അവന്‍ ഗുളിക കഴിക്കാതെ ദൂരെ കളഞ്ഞാലോ..?"

അത് കേള്‍ക്കുമ്പോള്‍ അമ്മിണിയുടെ മുഖം വാടും,ആ കണ്ണുകള്‍ നിറയും...തളര്‍ന്ന ശരീരവും മനസ്സുമായി  അവര്‍ ഉമ്മറത്ത്‌ കുത്തിയിരുന്ന് കരയും.മറുത്തൊന്നും ഉരിയാടത്തില്ലാ...
വടക്കേ പറമ്പില്‍ രാവിലെ ആടിനെ കെട്ടാന്‍ പോകുന്ന കൂട്ടത്തില്‍ അല്‍പസമയം ഞാനവിടെ കയറാറുണ്ട്.
അവനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രെമിച്ചു പലപ്പോഴും പരാജയപ്പെട്ടിട്ടുമുണ്ട്.എഴുന്നേറ്റാല്‍ തന്നെയും
വാതില്‍ക്കല്‍ കസേരയില്‍ വന്നിരിക്കും . 
ഞാന്‍ പോകുമ്പോള്‍ അതിലിരുന്നു തന്നെ ഉറങ്ങും.
ചിലപ്പോഴൊക്കെ എന്തൊക്കെയോ ഗഹനമായ ചിന്തകളിലാന്നു തോന്നും. ആലോചനകളില്‍ മുഴുകി അങ്ങനെ ഇരിക്കും, മണിക്കൂറുകളോളം .
വര്‍ഷങ്ങള്‍ ആയി ഇതൊക്കെ തന്നെയാണ് പതിവ്.
വയലന്റ് ആകുമ്പോള്‍  പോലും അവനു എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്, എന്നെ ഉപദ്രവിക്കാറില്ല.
ഇപ്പോഴത്തെ അമ്മിണിയുടെ ഈ വരവ് രാത്രിയില്‍ അവന്‍ മരുന്ന് കഴിക്കാന്‍ കൂട്ടാക്കതതാണന്നു എനിക്ക് തോന്നി.
വേദനിക്കുന്ന കാലും വച്ച് ഈ ഇരുട്ടത്ത്‌ പോകാന്‍ ഞാന്‍ മടിച്ചു.
വാതില്‍ക്കല്‍ അനക്കം കേട്ട് ഞാന്‍ നോക്കുമ്പോള്‍ അമ്മിണിയാണ്.
           "ശേഖരേട്ടാ ..ഒന്ന് വരുവ്വോ ,അവന്‍ ഇന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കുന്നില്ലാ.."
          "അമ്മിണീ ...എന്റെ കാലു വയ്യാ, ദാ കണ്ടില്ലേ.."
എന്ന് പറയണമെന്നുണ്ടായിരുന്നു  .അവളുടെ ദയനീയ നില്‍പ്പ് കണ്ടപ്പോള്‍ അതിനു മനസ്സുവന്നില്ല. 
ഒരു തോര്‍ത്തും തോളത്തിട്ടു ഞാന്‍    അമ്മിണിക്കൊപ്പം നടന്നു .
തന്റെ മുറ്റത്തെത്തിയപാടെ അമ്മിണി ഉറക്കെ വിളിച്ചു പറഞ്ഞു 
          "ദേ ശേഖരേട്ടന്‍ വന്നിരിക്കണ്..വെക്കം മരുന്ന് കഴിച്ചോളൂ.."
അമ്മിണി അകത്തേക്ക് പോയി..
അകത്തെ  ടേബിളില്‍ ഗുളികയും മറ്റും ചിതറിക്കിടക്കുന്നു.
       ടേബിളിലിരുന്ന അഞ്ചു ഗുളികയും വെള്ളം നിറച്ച ഗ്ലാസ്സും ഞാന്‍ കയ്യില്‍ എടുത്തു.
അപ്പോഴേക്കും ആധിപിടിച്ച മുഖവുമായി അമ്മിണി ഓടി വന്നു.
അവനിവിടെങ്ങും കാണുന്നില്ല ശേഖരേട്ടാ..
വിളിച്ചിട്ടും മിണ്ടുന്നില്ല ..അമ്മിണി കരച്ചിലിന്റെ വക്കിലാണ്..
          ടോര്‍ച്ചുമായി ഞാന്‍ വീടിനുചുറ്റും നോക്കി.കണ്ടില്ല ...
അയല്‍വക്കത്തെ തോമാച്ചനും മേനോന്‍ സാറും വന്നു.
ഞങ്ങള്‍ പലവഴിക്ക് പാഞ്ഞു.
അതിനിടയ്ക്കെപ്പോഴോ അമ്മിണി തളര്‍ന്നു  വീണു.
തോമാച്ചന്റെ ഭാര്യയും മറ്റും ചേര്‍ന്ന് അവളെ താങ്ങി കട്ടിലില്‍ കിടത്തി.
പോയവരൊക്കെയും ഏറെ കഴിഞ്ഞു തിരിച്ചു വന്നു.അവനെ കണ്ടവരാരുമില്ലാ.
പ്രതീക്ഷകളസ്തമിച്ചു.
ഇനി രാവിലെ ആകട്ടെ എന്നു വച്ചു.
               കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അമ്മിണിയെ എന്ത് പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്നറിയാതെ   ഞാന്‍ നിന്ന് വിയര്‍ത്തു...  
              രാവിലത്തെ അന്വേഷണങ്ങള്‍ക്ക് ഇടയില്‍ കവലയിലെ ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു അറിഞ്ഞു രാത്രി ഒരു പത്തു മണി കഴിഞ്ഞ നേരം ഒരാള്‍ അതിലെ പോണത്  കണ്ടന്ന്. ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല...
രാത്രിയുടെ മറയില്‍ അയാള്‍ മുഖം അത്ര വ്യക്തമായി കണ്ടില്ലാത്രേ..
എന്താണേലും ബസ്‌ സ്ടാന്റിനടുത്തെക്കാണ്  അവന്‍  പോയന്നു മനസ്സിലായി..
           സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു, അവനു ധൂരെക്കെങ്ങും പോകാന്‍ തോന്നിച്ചെക്കരുതെ..
സ്ടാന്റിനടുത്തെ സിമന്റു ബെഞ്ചില്‍ കൂനിക്കൂടി ഇരിക്കുന്ന ദേഹം എനിക്ക് പെട്ടെന്ന് മനസ്സിലായി.
           അവന്‍ എന്നെ രൂക്ഷമായൊന്നു നോക്കി..
വീട്ടില്‍ എത്തിക്കുവോളവും അവന്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല .
പക്ഷെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവന്‍ അക്രമാസക്തനായി,അവിടിരുന്ന ക്കെറ്റെടുത്തു അവന്‍ ഞങ്ങള്‍ക്ക് നേരെ വീശി.. 
വളരെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അവനെ ഞങ്ങള്‍ മുറിയില്‍ ഇട്ടു പൂട്ടി.
ജനലുങ്കല്‍ നില്‍ക്കുന്ന ഞങ്ങളിലേക്ക് അവന്‍ തീഷ്ണമായി നോക്കികൊണ്ടിരുന്നു.
         പിന്നീടെപ്പോഴോ അവന്‍ ഗഹനമായ ചിന്തകളിലേക്ക് പോയി. 
എന്താണ് അവന്‍ ചിന്തിച്ചു കൂട്ടുന്നതെന്ന് മനസ്സിലായില്ലെങ്കിലും
അവന്റെ മുഖത്ത് അപ്പോള്‍ ഒരു പുച്ച്ച ഭാവം നിഴലിച്ചിരുന്നോ...!!

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. Eathoru manushyanum ..oru manassund....manassine baathikunna rogamayal koodi ...aa manassinumund 100 100 chinthakal...aagrahangal...,,ennulla vasthutha ee kathayil presakthamanu......nannayirikunnu

    ReplyDelete