Sunday, September 4, 2011

നഗരത്തിന്റെ ദൈവങ്ങള്‍



'നിന്റെ കണ്ണുകള്‍ക്ക്‌ ഒന്നും പറയാനില്ലേ ..? '
ഞാനൊന്നും മിണ്ടിയില്ല.
എന്റെ ശ്രദ്ധയത്രയും അങ്ങ് ദൂരെ നങ്കൂരമിട്ടുകിടക്കുന്ന കപ്പലില്‍ ആയിരുന്നു.അതിനടുത്തുകൂടി ടൂറിസ്റ്റുകളുമായി ചില ബോട്ടുകള്‍ നീങ്ങുന്നുണ്ട്.
സൈഡു ബെഞ്ചില്‍ ചാരി കിടക്കുമ്പോള്‍ അവളുടെ ജല്‍പ്പനങ്ങള്‍ക്ക് കാതുകള്‍ ഒരുക്കമല്ലായിരുന്നു.
തോളത്തെ സ്പര്‍ശനം അവളായിരുന്നിട്ടും ഞാന്‍ പ്രതികരിച്ചില്ല .
'എന്താ നിനക്ക് പറ്റിയത്...! നീ എന്നെ അവോയിടു ചെയ്യും പോലെ........'
തൂവെള്ള ലിനന്‍ ഷര്‍ട്ടിലും ജീന്‍സിലും എന്റടുത്തിരിക്കുന്ന   വെളുത്തു മെലിഞ്ഞ പെണ്‍കുട്ടിയെ ഞാന്‍ സാകൂതം നോക്കിയിരുന്നു.
'നിന്റെ തന്റേടമുള്ളയാ  മനസ്സും പക്വമായ പെരുമാറ്റവും ആണ് എന്നെ ആകര്‍ഷിച്ചത്.നീ എന്തുകൊണ്ട്  എന്റെ പ്രൊപ്പോസല്‍ തള്ളി കളഞ്ഞുവെന്നു മനസ്സിലാവുന്നില്ല......'
ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു.
'വലിയൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ഇല്ലേ,സൌന്ദര്യം ഇല്ലേ  ....''യൂ ആര്‍സ്മാര്‍ട്ട്  ആന്റ്  ഇന്റലിജെന്റ് '' എന്നു നീ തന്നെ അല്ലെ എന്നോട് പറഞ്ഞിട്ടുള്ളത്.എന്നിട്ട്......'
നിര്‍ദ്ദോഷമായ  ഒരു ചാറ്റില്‍ അവതരിച്ച ഈ പെണ്‍കൊടി എന്തിനുള്ള ഭാവമാണന്ന്   ഞാന്‍ ഓര്‍ത്തു പോയി.വളരെ കുറച്ചു നാളത്തെ പരിചയം മാത്രം. എന്നിട്ടും ....
നഗരത്തിന്റെ ദാരിദ്ര്യം പഠിക്കാന്‍ വന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു.
'ഞാനൊരു ദരിദ്രനാണ് .  ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന,ഒരു സാധാരണക്കാരന്റെ മകന്‍.പഴയ തറവാടും അതില്‍ നിലനിന്ന കൂട്ടുകുടുംബവും ഒക്കെ ഓര്‍മ്മകളില്‍ കൊണ്ട് നടക്കുന്ന ,ചേക്കേറലിന്റെ  വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ചെറുപ്പക്കാരന്‍.'
അവള്‍ എഴുന്നേറ്റു  .
'നിന്റെ മൂഡ്‌ ശെരിയല്ല ,ഞാന്‍ രാത്രി വിളിക്കാം...ഓക്കേഡാ  ബൈ.'
അവള്‍  നടന്നു നീങ്ങുന്നത്‌  ഞാന്‍ നോക്കി ഇരുന്നു.
കുറച്ചു ദൂരെമാറി സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി, അവള്‍ തിരിഞ്ഞു നിന്നൊന്നു മന്ദഹസിച്ചു.
പിന്നെ ഡോര്‍ വലിച്ച് തുറന്ന്  ആ നഗരത്തിന്റെ ചെറു ദൈവം ഓടിച്ചു പോയി.
'എന്താ അളിയാ നിന്നെ അവള്‍ വിലക്കെടുത്തോ..??'
തിരികെ റൂമിലെത്തുമ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു.
"വൈകുന്നേരങ്ങളില്‍ നിലവിളക്ക് കത്തിച്ച്‌ വച്ച് വീട്ടുകാര്‍ക്ക് വേണ്ടി തൂണ് ചാരിയിരുന്നു പ്രാര്‍ഥിക്കുന്ന ഒരമ്മയുടെ മുഖം മനസ്സിന്റെ ആഴങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നിടത്തോളം കാലം ആർക്കുമതിനാവില്ല...." ഞാന്‍ മനസ്സില്‍ പറഞ്ഞു.